പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മാത്രമല്ല അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലും ബദ്ധശ്രദ്ധ വേണമെന്ന് വൈദ്യുതി പരിസ്ഥിതി പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ് പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി പൊതുജന പങ്കാളിത്തം ഉറപ്പാക്കി പദ്ധതികള്‍ രൂപീകരിക്കുന്നതിന്റെ മുന്നോടിയായി വികസന കാഴ്ചപ്പാട് - ആശയസമാഹരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ ജില്ലാതല യോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പ്രധാന വികസന മുന്‍ഗണനകളും കാഴ്ചപ്പാടുകളും രൂപീകരിക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു യോഗം.
നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഇക്കാര്യത്തില്‍ വിജയം കൈവരിക്കാനായി. ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തിലാവണം പദ്ധതി രൂപീകരണം. അതില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണം. ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുന്നപദ്ധതികള്‍ക്ക് രൂപം നല്‍കണം. ജില്ലയിലെ പ്രധാന പട്ടണങ്ങള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കാന്‍ കഴിയുന്ന വിധം റോഡുകള്‍ വികസിക്കണം. പുതുതലമുറയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം വേണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
അഡ്വ ടി ഒ മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ആമുഖ പ്രഭാഷണം നടത്തി. മേയര്‍ അഡ്വ പി ഇന്ദിര, എം എല്‍ എ മാരായ വി കുഞ്ഞികൃഷ്ണന്‍, ടി കെ ഗോവിന്ദന്‍, കെ വി സുമേഷ്, പി കെ പ്രവീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗങ്ങളായ ഡോ. പി പി ബാലന്‍, ജി വിജയരാഘവന്‍, വരുണ്‍ സന്തോഷ്, ശ്രീധര്‍ രാധാകൃഷ്ണന്‍, കൃഷി വിഭാഗം ചീഫ് എസ് എസ് നാഗേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയും ആശയ സമാഹരണവും ക്രോഡീകരണവും നടന്നു.
Fifteenth Five Year Plan meeting held in Kannur. Development ideas for the district were shared.






















